കണ്ടിട്ടുണ്ട്

പകൽ പിറക്കും മുമ്പ്

'ഉറക്കത്തേക്കാൾ ശ്രേഷ്ടമാണ് ആരാധന'

എന്ന ബാങ്കൊലിക്കായ് പായുന്നൊരാളെ!

തലയിൽ നെറ്റിയോട് മുക്കോൺ വെട്ടിയ

ഒരു തൊപ്പിയുണ്ടാകുമയാൾക്ക്!

വെയിൽ പോലുമിളിക്കുന്ന തിളച്ച ഉച്ചയിൽ 'കുങ്കുമ'ക്കുപ്പായമിട്ട് തണൽമരങ്ങൾക്ക് തെളിനീര് നൽകുന്നവന്റെ മൂർദ്ദാവിലും കണ്ടു!

പ്രവാസപ്പതിവിൽ

അന്നം തേടുന്ന ചന്തയിലുന്തുന്ന

വണ്ടിയുമായ് അവൻ!

മീൻമുള്ളുകളിൽ നിന്ന് വേർതിരിക്കും

മാംസ കൗതുകവും അവൻ!

നാലാൾക്ക് പൊങ്ങാ ശീതീകരണിയും

മുതുകിൽ ചുമന്ന്

അനേകദശം പടിക്കെട്ടിറങ്ങുന്ന ഒട്ടകക്കരുത്ത്!

അറിയാവഴികളിലൂടെ

അക്ഷര സൂചികയറിയാതെ എത്തിക്കുന്ന കുതിരക്കണിശം!

അകപ്പെട്ട വൈതരണിയിൽ

വാഹനമുന്താൻ പറന്നെത്തുന്ന

ഗരുഢ ജാഗ്രത!

സഹയാത്രയിൻ

തണുത്ത പകലിൽ

അരികിലുറങ്ങുന്നവന്റെ

കമ്പളം കൃത്യമാക്കി

ഒറ്റയായ് പ്രാർത്ഥിക്കുന്ന സ്നേഹമയൂരം!

ഏത് പെരുങ്കാറ്റിലും തടയായ് വരും

ഏത് പെയ്ത്തിലും കുടയായ് വരും!

അതിർത്തിയിലാര് കലഹിക്കുന്നു,

സിംഹാസനത്തിലാരെന്നു തിരക്കാത്ത,

ചങ്കിലെച്ചോരത്തിളക്കം മാത്രമറിയുന്ന 'പച്ച' ഹൃദയങ്ങൾ!

ഞാനവന് ജഗജിത് സിംഗിനെ നൽകും,

അവനെനിക്ക് മെഹ്ദിയെ പകരം തരും!

ടാഗോറിന് ബദലായി ഇഖ്ബാലിനേയും!

കളിപ്പന്തിലെ പരാജയ വിജയങ്ങൾ

കളിയായ് മാത്രം കാണും!

കതിന പൊട്ടിക്കാതെ

മധുരം പങ്കുവെക്കും.

വ്രതകാലത്തെ കൂട്ടുസഹനത്തിന്

ചിങ്ങപ്പൂക്കളായ് അവൻ നിറയും.

അവധിതീർത്ത വരവിൽ

നാട്ടു കൗതുകങ്ങൾ കരുതും.

ഏഴു തിരികൾ എണ്ണ വറ്റാതെ കാക്കും

പകരമവന് ഒരു കൂട് ചന്ദനത്തിരിയേകും.

നിറവും നോവും

കലയും സർഗ്ഗവും

സ്വർഗ്ഗമായാസ്വദിച്ച് മിന്നിത്തിളങ്ങും!

ഒടുവിൽ,

പാതിരാ നേരം

അതിർത്തിയിൽ

വെടി പൊട്ടിയ വാർത്തകളില്‍

ഞങ്ങൾ കെട്ടിപ്പിടിച്ചുറങ്ങും!

* പച്ച - പാക്കിസ്ഥാനികളുടെ വിളിപ്പേര്.

- ഷാജി ഹനീഫ്

പച്ചകുത്തും മുമ്പ്

(Shaji Hanif)

(English Translation)

Before stamping them “Greens”

I have seen that person

Running to the mosque

Just before sunrise

Hearing the call for prayer

'Worship is better than sleep'

He wears a cap on his head

With a triangular cut

On the forehead

I have seen the same cap on the head of that guy

Wearing a 'saffron' uniform, giving water to the shade trees

In the hot humid boiling sun

He’s also there, the same expat labour

In the market, pulling the cart,

All for a meal

He’s there too, as an interesting showpiece of flesh

Undistinguishable from the fishbones

Carrying the huge air cooler on his back

That cannot be lifted by four people

He climbs down dozens of stairs

With a camel strength!

Manoeuvring through unknown streets

Without depending on the Google maps

He drops the passengers with the accuracy of a horse!

He always lands with the clarity of an eagle

To help the trapped driver

By pushing the broken-down vehicle

It’s the companionship on a cold day

Fixing the blanket of the one who sleeps next to him

And prays alone like a peacock of love!

In any storm, he comes as a cover

And as an umbrella in any rain!

He’s least bothered on the quarrels on the borders,

He never enquires who is on the throne,

It’s the 'green' hearts that only recognizes the blood flow!

I give him Jagjit Singh,

He will reciprocate with Mehdi!

And Iqbal in place of Tagore!

Defeats and victories of cricket matches

End up just on the ground!

Without bursting the firecrackers

He shares sweets with me.

For fellowship during the fasting month

He blossoms like the flowers of love and care.

Back from the holidays

He unravels all the fun moments.

The seven wicks will keep the oil from drying up

Instead, I will gift him a packet of sandalwood coils.

When we enjoy the colour, the grief, the art and creativity

Like heaven they are destined to shine with all its hues!

Finally, at midnight

While the news of shooting at the border is being telecast

We might be sleeping in the same bed hugging each other!

*Green - Nickname of Pakistanis used by Indian expats in the Gulf countries.